Latest Updates

തിരുവനന്തപുരം: കേരള സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കി. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തന്നെയാണ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയത്. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണു നടപടി. നവംബര്‍ 7 മുതല്‍ പാലക്കാട്ട് നടക്കുന്ന ശാസ്ത്രോല്‍സവത്തിന്റെ സംഘാടക സമിതി രൂപീകരിക്കാനായി തിങ്കളാഴ്ച പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരാനിരിക്കുന്ന യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷന്‍ ആയിരുന്നു. തദ്ദേശമന്ത്രി എംബി.രാജേഷാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ക്ഷണക്കത്ത് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാഹുലില്‍നിന്ന് ദുരനുഭവം ഉണ്ടായെന്നു ചൂണ്ടിക്കാട്ടി യുവനടി ഉള്‍പ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ രാഹുലിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. യോഗത്തിന്റെ സുഗമമായ നടത്തിപ്പിന് മുന്‍ഗണന നല്‍കുന്നതിനാല്‍ രാഹുല്‍ പങ്കെടുക്കാതെ മാറി നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ചേരുന്നത്. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി, ജില്ലയിലെ എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവികള്‍, പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ സംഘാടക സമിതി അംഗങ്ങളെയും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും മന്ത്രി അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice